കൽപ്പറ്റ: സ്വതന്ത്ര കർഷക സംഘടനകളായ ഫാർമേഴ്സ് റിലീഫ് ഫോറവും(എഫ്ആർഎഫ്)ഹരിതസേനയും ലയന നീക്കത്തിൽ. എഫ്ആർഎഫിൽ ലയിച്ച് പ്രവർത്തിക്കാനുള്ള ആലോചനയിലാണ് ഹരിതസേന നേതാക്കളും പ്രവർത്തകരും.
ലയനവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനകളുടെയും നേതാക്കൾ പ്രാഥമിക ചർച്ച നടത്തിയതായാണ് വിവരം.കാർഷിക വികസന ബാങ്കിന്റെ കൽപ്പറ്റ ശാഖയ്ക്കുമുന്പിൽ എഫ്ആർഎഫും ഹരിതസേനയും ചൊവ്വാഴ്ച സംയുക്തമായി ധർണ നടത്തിയിരുന്നു.
കടക്കെണിയിലകപ്പെട്ട കർഷകർക്കെതിരായ ജപ്തി, സർഫാസി നടപടികൾക്കെതിരേ ശക്തമായ സമരങ്ങൾ സംഘടിപ്പിച്ചു ശ്രദ്ധ നേടിയ സംഘടനകളാണ് ഫാർമേഴ്സ് റിലീഫ് ഫോറവും ഹരിതസേനയും. മുന്പ് ഫോറത്തിൽ ഉണ്ടായിരുന്നവരാണ് ഹരിതസേനയുടെ നിലവിലെ നേതാക്കളിലും പ്രവർത്തകരിലും അധികവും.
അന്തരിച്ച കർഷക നേതാവ് എ.സി. വർക്കിയാണ് ഫാർമേഴ്സ് റിലീഫ് ഫോറം സ്ഥാപകൻ. നടവയൽ കേന്ദ്രമായി 1991ലാണ് സംഘടന പ്രവർത്തനം തുടങ്ങിയത്. വയനാട് കർഷക ആത്മഹത്യക്ക് കുപ്രസിദ്ധമായ ഘട്ടത്തിലാണ് വർക്കിയും ചില കർഷകരും ചേർന്ന് സംഘടനയ്ക്ക് രൂപം നൽകിയത്. ജില്ലയിലെ പ്രമുഖ കർഷകക്കൂട്ടായ്മയായി വളർന്ന എഫ്ആർഎഫ് തെരഞ്ഞെുപ്പുകളിലും പയറ്റി.
ചെയർമാൻ എ.സി. വർക്കി 2004ൽ കോഴിക്കോട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ നിർത്തിയ എഫ്ആർഎഫ് മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയിൽ നിർണായക ശക്തിയുമായി.
നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് എഫ്ആർഎഫ് വിട്ടവരാണ് 2009ൽ ഹരിതസേനയ്ക്ക് രൂപം നൽകിയത്. കർഷകസമരങ്ങളിലൂടെ ഹരിതസേനയും കുറഞ്ഞ കാലത്തിനകം ജനങ്ങൾക്കിടയിൽ മേൽവിലാസം ഉണ്ടാക്കി. എം. സുരേന്ദ്രനാണ് ഹരിതസേന പ്രസിഡന്റ്. പി.എൻ. സുധാകരസ്വാമി കോ ഓർഡിനേറ്ററാണ്. എ.സി. തോമസ്, പി.എം. ജോർജ്, ടി. ഇംബായി, എ.എൻ. മുകുന്ദൻ തുടങ്ങിയവരാണ് എഫ്ആർഎഫിന് നേതൃത്വം നൽകുന്നത്.